Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്വെല്ത്ത് ഗെയിംസില് ചരിത്രനേട്ടവുമായി ഇന്ത്യന് താരങ്ങളുടെ ഇടിവെട്ടിടി... ബോക്സിംഗ് റിംഗില് ഇന്ത്യക്കു മുന്നില് എതിരാളികള് നിഷ്പ്രഭമായി.
ഗ്ലാസ്ഗോ ഗെയിംസിന്റെ ബോക്സിംഗില് ഏഴ് സ്വര്ണം, മൂന്നു വെള്ളി എന്നിങ്ങനെ 10 മെഡല് ഇന്ത്യ സ്വന്തമാക്കി. ബോക്സിംഗ് മത്സരങ്ങള് അവസാനിച്ചപ്പോള്, റിംഗിലെ മെഡല് പട്ടികയില് ഇന്ത്യ ഒന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ചരിത്രത്തില് ആദ്യമായാണ് ഇന്ത്യ ഒരു കോമണ്വെല്ത്ത് ഗെയിംസില് ഇത്രയും സ്വര്ണ മെഡല് സ്വന്തമാക്കുന്നത്. ഒരു എഡിഷനില് ബോക്സിംഗ് റിംഗില്നിന്ന് മെഡല് നേട്ടം രണ്ടക്കത്തില് എത്തുന്നതും ഇതാദ്യം.
നമ്പര് വണ് ഇന്ത്യ
കോമണ്വെല്ത്ത് ഗെയിംസ് ചരിത്രത്തില് ആദ്യമായി ഇന്ത്യ ബോക്സിംഗ് മെഡല് പട്ടികയില് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പുരുഷ-വനിതാ വിഭാഗങ്ങളിലായി 14 സ്വര്ണ പോരാട്ടങ്ങളാണ് ഇടിക്കൂട്ടില് ഉണ്ടായിരുന്നത്. ഇതില് ഏഴ് എണ്ണത്തില് ഇന്ത്യന് താരങ്ങള് സ്വര്ണം സ്വന്തമാക്കി. മൂന്ന് എണ്ണത്തില് വെള്ളിയും. ആകെയുള്ള 14 ബോക്സിംഗ് ഫൈനലുകളില് പത്തിലും ഇന്ത്യന് താരങ്ങള് ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.
നാല് സ്വര്ണം, മൂന്നു വീതം വെള്ളി, വെങ്കലം എന്നിങ്ങനെ പത്ത് മെഡല് സ്വന്തമാക്കിയ ഇംഗ്ലണ്ടാണ് ബോക്സിംഗ് മെഡല് പട്ടികയില് രണ്ടാം സ്ഥാനത്ത്.
ലേഡീസ് സ്റ്റൂപ്പര് സ്റ്റാര്സ്
ഇന്ത്യക്കു ബോക്സിംഗ് റിംഗില്നിന്നു ലഭിച്ച ഏഴ് സ്വര്ണത്തില് അഞ്ചും വനിതകളാണ് സംഭാവന ചെയ്തത്. മൂന്നു വെള്ളിയില് ഒരെണ്ണവും വനിതാ വിഭാഗത്തില്നിന്നാണ്. ചുരുക്കത്തില്, പത്തില് ആറ് മെഡലും വനിതാ കരുത്തിലാണ് ഇന്ത്യക്കു ലഭിച്ചത്.
വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തില് പ്രീതി പന്വാര് സ്വര്ണം ഇടിച്ചിട്ടതോടെയാണ് ബോക്സിംഗ് റിംഗിലെ ഇന്ത്യന് ഗോള്ഡന് പഞ്ചിനു തുടക്കമായത്. പിന്നാലെ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില് ജെയ്സ്മിന് ലാംബോറിയ, 51 കിലോഗ്രാമില് സാക്ഷി ചൗധരി, 60 കിലോഗ്രാമില് പ്രിയ ഘംഗാസ്, 70 കിലോഗ്രാമില് അരുന്ധതി ചൗധരി എന്നിവരും സ്വര്ണം ഇടിച്ചുനേടി.
പുരുഷന്മാരുടെ 60 കിലോഗ്രാം ബോക്സിംഗില് സച്ചിന് സിവാച്ചും 80 കിലോഗ്രാം വിഭാഗത്തില് അങ്കുഷ് പംഗലും സ്വര്ണമെഡല് കഴുത്തിലണിഞ്ഞു. നമീബിയയുടെ ട്രൈഅഗെയ്ന് എന്ഡെവെലോയെ സ്പ്ലിറ്റ് ഡിസിഷനില് 3-2നു കീഴടക്കിയായിരുന്നു സച്ചിന്റെ സ്വര്ണം. ഇംഗ്ലണ്ടിന്റെ ഡിമെജി ഷിട്ടുവിനെ തകര്ത്താണ് (4-1) അങ്കുഷ് പംഗല് സ്വര്ണമണിഞ്ഞത്.
മൂന്നു വെള്ളി
ലോക, ഏഷ്യന് ചാമ്പ്യന് പട്ടം സ്വന്തമാക്കിയ ലവ്ലിന ബോര്ഗോഹെയ്ന് വെള്ളിയില് ഒതുങ്ങി. വനിതകളുടെ 75 കിലോഗ്രാം ഫൈനലില് ഓസ്ട്രേലിയയുടെ എമ്മ ഗ്രീന്ട്രീയോട് 4-1നായിരുന്നു ലവ്ലിനയുടെ തോല്വി.
പുരുഷ വിഭാഗം 55 കിലോഗ്രാം പോരാട്ടത്തില് ഓസ്ട്രേലിയയുടെ ജയ് ഡിക്സണിനോട് പരാജയപ്പെട്ട് ഇന്ത്യയുടെ ജാദുമാനി സിംഗും വെള്ളിയില് ഒതുങ്ങി. പുരുഷ 90+ കിലോഗ്രാം വിഭാഗത്തില് നരേന്ദര് ബെര്വാളും ഫൈനലില് പരാജയപ്പെട്ട് വെള്ളി നേടി. ഇംഗ്ലണ്ടിന്റെ ഡമാര് തോമസിനോടായിരുന്നു നരേന്ദര് തോല്വി വഴങ്ങിയത്.
ഇന്ത്യ നാലാമത്
23-ാം കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു. അവസാനദിനത്തെ പോരാട്ടങ്ങളിൽ ഇന്ത്യക്കു മെഡൽ നേടാൻ സാധിച്ചില്ല. 13 സ്വർണം, 17 വെള്ളി, ഒന്പത് വെങ്കലം എന്നിങ്ങനെ 39 മെഡലുമായി നാലാം സ്ഥാനത്തോടെ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു. ഓസ്ട്രേലിയയാണ് ഒന്നാമത്. ഇംഗ്ലണ്ട്, കാനഡ ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
Sports
ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗ് റിംഗിൽ ഇന്ത്യയുടെ സുവർണ കുതിപ്പ് തുടരുന്നു. 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി ചൗധരിയും 60 കിലോഗ്രാം വിഭാഗത്തിൽ പ്രിയ ഗൻഗാസുമാണ് സ്വർണം നേടിയത്.
വനിതകളുടെ 60 കിലോഗ്രാം വിഭാഗം ഫൈനലിൽ കനേഡിയൻ താരം മേരി ബത്തോളിനെതിരെ ആധികാരിക ജയമാണ് പ്രിയ ഗൻഗാസ് നേടിയത്. 4-1 എന്ന സ്കോറിലാണ് പ്രിയ എതിരാളിയെ പരാജയപ്പെടുത്തി സ്വർണം നേടിയത്.
51 കിലോഗ്രാം വിഭാഗത്തിന്റെ ഫൈനലിൽ സാക്ഷി ചൗധരിയും എതിരാളിക്ക് ഒരവസരവും നൽകാതെയാണ് വിജയം പിടിച്ചെടുത്തത്. ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ 5-0 എന്ന ഏകപക്ഷീയമായ സ്കോറിനാണ് സാക്ഷി ഇടിച്ചിട്ടത്.
നേരത്തെ വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറും, 57 കിലോഗ്രാം വിഭാഗത്തിൽ ജയ്സ്മിൻ ലംബോറിയയും സ്വർണ മെഡലുകൾ നേടിയിരുന്നു. ബോക്സിംഗിൽ ഇതുവരെ നടന്ന അഞ്ച് ഫൈനലുകളിൽ നിന്ന് നാല് സ്വർണവും ഒരു വെള്ളിയുമാണ് ഇന്ത്യയുടെ സമ്പാദ്യം.
Sports
ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറും 57 കിലോഗ്രാം വിഭാഗത്തിൽ ജയ്സ്മിൻ ലംബോറിയയും സ്വർണത്തൂവൽ അണിഞ്ഞു. മികച്ച പ്രകടനത്തിലൂടെയാണ് ഇരുവരും ഇന്ത്യക്കായി സ്വർണം സ്വന്തമാക്കിയത്.
കാനഡയുടെ സ്കാർലെറ്റ് സവന്നയെ പരാജയപ്പെടുത്തിയാണ് പ്രീതി പവാർ സ്വർണനേട്ടത്തിലെത്തിയത്. നോർത്തേൺ അയർലൻഡിന്റെ മിക്കായേല വാൽഷിനെ അട്ടിമറിച്ചാണ് ജയ്സ്മിൻ ലംബോറിയ റിംഗിംൽ കിരീടം ചൂടിയത്.
അതേസമയം, ബോക്സിംഗിൽ ഇന്ത്യയുടെ സ്വർണപ്രതീക്ഷയായിരുന്ന ജദ്ദുമണി സിംഗിന് ഫൈനലിൽ തിരിച്ചടിയേറ്റു. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗം ഫൈനലിൽ ഓസ്ട്രേലിയയുടെ ഡിക്സോണിനോട് 5-0 എന്ന സ്കോറിനാണ് ജദ്ദുമണി പരാജയപ്പെട്ടത്. ഇതോടെ താരത്തിന് വെള്ളി മെഡലിൽ തൃപ്തിപ്പെടേണ്ടി വന്നു.
ഇന്ത്യൻ ബോക്സിംഗ് സംഘത്തിന്റെ പോരാട്ടങ്ങൾ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഏഴ് ഇന്ത്യൻ താരങ്ങൾ കൂടി വിവിധ വിഭാഗങ്ങളിലായി ഇനി മത്സരത്തിനിറങ്ങുന്നുണ്ട്. സാക്ഷി ചൗധരി, പ്രിയ ഗൻഗാസ്, അരുന്ധതി ചൗധരി, ഒളിമ്പിക് മെഡൽ ജേതാവ് ലവ്ലിന, സച്ചിൻ സിവാച്ച്, അങ്കുഷ് പങ്കൽ, നരേന്ദർ ബെർവൽ എന്നിവരാണ് കൂടുതൽ സ്വർണ പ്രതീക്ഷകളുമായി ഇനി ബോക്സിംഗ് റിംഗിലെത്തുക.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്വെല്ത്ത് ഗെയിംസില് ബോക്സിംഗിൽ ഇന്ത്യന് താരങ്ങള് ഫൈനലിലേക്ക് ഇടിച്ചുകേറി... ബോക്സില് ഇന്നാണ് ഫൈനല് പോരാട്ടങ്ങള്. സ്വര്ണവുമായി ഫൈനല് ഇടിച്ചുകേറിവാ... എന്ന ആശംസയോടെ ഇന്ത്യന് കായികലോകം ഗ്ലാസ്ഗോയിലേക്കു കണ്ണുനട്ടിരിക്കും...
വനിതകളുടെ 54 കിലോഗ്രാം സെമി ഫൈനലോടെയാണ് ഇന്ത്യന് താരങ്ങള് റിംഗില് എത്തിത്തുടങ്ങിയത്. 54 കിലോഗ്രാം വിഭാഗത്തില് ഇന്ത്യയുടെ പ്രീതി പവാര് സാംബിയയുടെ കാതറിന് എംവാപെയെ ഇടിച്ചിട്ട് സെമിയിലേക്കു മുന്നേറി. 5-0ന് ആയിരുന്നു പ്രീതിയുടെ സെമി ജയം. ഫൈനലില് കാനഡയുടെ സ്കാര്ലറ്റ് ഡെല്ഗാഡോയാണ് പ്രീതിയുടെ എതിരാളി.
പുരുഷ വിഭാഗം 80 കിലോഗ്രാമില് അങ്കുഷ് പംഗലിന്റെ സെമി പോരാട്ടമായിരുന്നു തുടര്ന്ന്. കാനഡയുടെ ജോഷ്വ ഒഫോറിയെ ഏകപക്ഷീയമായി (5-0) തകര്ത്ത് അങ്കുഷും ഫൈനല് ടിക്കറ്റ് കരസ്ഥമാക്കി. ഇംഗ്ലണ്ടിന്റെ ഡിമെദി ഷിട്ടുവാണ് ഫൈനലില് ഇന്ത്യന് താരത്തിന്റെ എതിരാളി.
വനിതകളുടെ 57 കിലോഗ്രാം ബോക്സിംഗില് ജാസ്മിന് ലാംബോറിയയും ഫൈനലില് പ്രവേശിച്ചു. ലെസോത്തോയുടെ റാപെലാങ് മാസെലെലയെയാണ് സെമിയില് കീഴടക്കിയത്. വനിതാ വിഭാഗം 70 കിലോഗ്രാമില് അരുന്ധതി ചൗധരിയും ഫൈനല് ബെര്ത്ത് ഉറപ്പിച്ചു. സെമിയില് വെയ്ല്സിന്റെ റോസി എക്കിള്സിനെയാണ് ഇടിച്ചിട്ടത്.
പുരുഷന്മാരുടെ 55 കിലോ വിഭാഗത്തില് ജദുമാനി സിംഗും ഫൈനലിലേക്ക് ഇടിച്ചു മുന്നേറി.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്വെല്ത്ത് ഗെയിംസിന്റെ ഇടിക്കൂട്ടില് ഇന്ത്യക്കു മെഡല് കിലുക്കം. ഇന്നലെ മത്സരിച്ച അഞ്ച് വിഭാഗങ്ങളിലും ഇന്ത്യന് താരങ്ങള് സെമിയില് പ്രവേശിച്ച് മെഡല് ഉറപ്പിച്ചു. സെമിയില് ഇടംനേടിയാല് ചുരുങ്ങിയത് വെങ്കലമെഡല് ലഭിക്കും.
വനിതാ ബോക്സിംഗില് ഇന്ത്യയുടെ അരുന്ധതി ചൗധരിയും സാക്ഷി ചൗധരിയും സെമിയില് പ്രവേശിച്ചു. ശക്തമായ പോരാട്ടത്തിലൂടെ തിരിച്ചടിച്ചാണ് അരുന്ധതിയുടെ സെമി പ്രവേശം. വനിതകളുടെ 70 കിലോഗ്രാം ബോക്സിംഗിന്റെ ക്വാര്ട്ടറില് ന്യൂസിലന്ഡിന്റെ മോര്ഗന് ഹെന്ഡേഴ്സണ് ആയിരുന്നു അരുന്ധതിയുടെ എതിരാളി.
ആദ്യ റൗണ്ടില് 3-2ന്റെ ലീഡ് അരുന്ധതി സ്വന്തമാക്കി. എന്നാല്, രണ്ടാം റൗണ്ടില് കിവീസ് താരത്തിന്റെ ഇടിയേറ്റ് അരുന്ധതി വീണു. അവസാന സെക്കന്ഡുകളില് അരുന്ധതി എതിരാളിക്കെതിരേ തുടരെ പഞ്ചിംഗ് നടത്തി. അതോടെ രണ്ടാം റൗണ്ടില് 4-1ന്റെ ജയം. ആദ്യരണ്ട് ബൗട്ടും ജയിച്ചതോടെ 2-0ന്റെ ലീഡ്. മൂന്നാം റൗണ്ടില് കിവീസ് താരം തുടരെ പഞ്ചിംഗ് നടത്തി. എന്നാല്, മത്സരത്തില് സ്പ്ലിറ്റ് സെക്കന്ഡിലൂടെ 3-1ന്റെ ജയം സ്വന്തമാക്കി അരുന്ധതി സെമിയിലേക്കു കുതിച്ചു.
ആധികാരികം സാക്ഷി
വനിതകളുടെ 51 കിലോഗ്രാം ബോക്സിംഗില് ആധികാരിക ജയത്തോടെയാണ് സാക്ഷി ചൗധരി സെമി ഫൈനല് ടിക്കറ്റ് സ്വന്തമാക്കിയത്. നോര്ത്തേണ് അയര്ലന്ഡിന്റെ കെയ്റ്റ്ലിന് ഫ്രയേഴ്സിനെ ക്വാര്ട്ടറില് സാക്ഷി ഇടിച്ചിട്ടു. 26കാരിയായ സാക്ഷി 5-0ന്റെ ആധികാരിക ജയത്തോടെയാണ് മെഡല് ഉറപ്പിച്ച് സെമിയില് പ്രവേശിച്ചത്.
സച്ചിന്, അങ്കുഷ്
പുരുഷ വിഭാഗത്തില് സച്ചിന് സിവാച്ച് (60 കിലോഗ്രാം), അങ്കുഷ് പംഗല് (80 കിലോഗ്രാം) ജാദുമാനി സിംഗ് (55 കിലോഗ്രാം) എന്നിവരും സെമിയില് പ്രവേശിച്ചു.
ഇന്നലെ നടന്ന ക്വാര്ട്ടറില് ബോട്സ്വാനയുടെ ട്രഷന് മൊറേമിയെ ഏകപക്ഷീയമായി (5-0) ഇടിച്ചുതോല്പ്പിച്ചാണ് സച്ചിന്റെ സെമി പ്രവേശം. 5-0ന് സീഷെല്സിന്റെ ജേഡ് മിക്കോക്കിനെ ക്വാര്ട്ടറില് തകര്ത്ത് അങ്കുഷ് പംഗലും സെമിയിലേക്കു മുന്നേറി. തൊട്ടുപിന്നാലെ റിംഗില് എത്തിയ നരേന്ദര് ബെര്വാളും സെമി ടിക്കറ്റ് കരസ്ഥമാക്കി.
പുരുഷ 90+ കിലോഗ്രാമില് സമോവയുടെ മൈക്കല് സെക്കോയെ ശക്തമായ പോരാട്ടത്തിലൂടെ 3-2നു കീഴടക്കിയാണ് നരേന്ദര് സെമിയിലെത്തിയത്.
ഇടിക്കൂട്ടില്നിന്ന് ഇതിനോടകം ഇന്ത്യ ഒമ്പത് മെഡല് ഉറപ്പാക്കി. അരുന്ധതി, സാക്ഷി എന്നിവരുടെ സെമി ഫൈനല് പ്രവേശത്തിനു മുമ്പ്, പ്രീതി പവാര് (54 കിലോഗ്രാം), പ്രിയ ഘംഗാസ് (60 കിലോഗ്രാം), ലോവ്ലിന ബോര്ഗൊഹെയ്ന് (75 കിലോഗ്രാം) എന്നിവരും വനിതാ വിഭാഗങ്ങളില് സെമി ബെര്ത്ത് സ്വന്തമാക്കി മെഡല് ഉറപ്പിച്ചിരുന്നു.
Sports
ഗ്ലാസ്ഗോ: ഇരുപത്തിമൂന്നാമത് കോമണ്വെൽത്ത് ഗെയിംസിന് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ വർണാഭമായ തുടക്കം.
ഒൗദ്യോഗിക ഉദ്ഘാടനച്ചടങ്ങ് ഇന്നലെ രാത്രി സ്കോട്ടിഷ് ഇവന്റ് കാന്പസിലെ ഓവോ ദ ഹൈഡ്രോ സ്റ്റേഡിയത്തിൽ നടന്നു. ഉദ്ഘാടനചടങ്ങിൽ മീരഭായിയും ലവ് ലിന ബൊർഗൊഹിനും ചേർന്ന് ഇന്ത്യൻ പതാക വഹിച്ചു. ഗെയിംസിലെ ആദ്യദിനം തന്നെ ഇന്ത്യക്ക് മധുരദിനം.
ഉദ്ഘാടനചടങ്ങ് നടക്കും മുന്പേ ഒളിന്പിക് മെഡൽ ജേതാവായ ലവ്ലിന ബോർഗോഹെയ്നിലൂടെ (ബോക്സിംഗ്) ഇന്ത്യ ആദ്യ മെഡൽ ഉറപ്പിച്ചു. ബൗൾസ് വനിതാ ജോഡികളുടെ സെക്ഷണൽ പ്ലേ ഇനത്തിൽ ഗ്രൂപ്പ് ബിയിൽ മാൾട്ടയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി ഇന്ത്യയുടെ രൂപ റാണി ടിർക്കിയും പിങ്കിയും രണ്ടാം മധുരം സമ്മാനിച്ചു.
ഓഗസ്റ്റ് രണ്ട് വരെ നടക്കുന്ന പോരാട്ടങ്ങൾക്കായി 13 ഇനങ്ങളിലായി അഞ്ച് മലയാളികൾ ഉൾപ്പെടെ 126 കായികതാരങ്ങൾ ഇന്ത്യക്കായി മാറ്റുരയ്ക്കും (77 പുരുഷ താരങ്ങളും 48 വനിതാ താരങ്ങളും).
2022ൽ ബെർമിംഗ്ഹാമിൽ നടന്ന കോമണ്വെൽത്ത് ഗെയിംസിൽ 22 സ്വർണവും 16 വെള്ളിയും 23 വെങ്കല മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ആകെ 61 മെഡലുകൾ.
അതേസമയം, ബെർമിംഗ്ഹാമിൽ 19 കായിക ഇനങ്ങളുണ്ടായിരുന്നെങ്കിൽ ഇത്തവണ 10 ഇനങ്ങളേയുള്ളൂ. ഷൂട്ടിംഗ്, ബാഡ്മിന്റണ്, ക്രിക്കറ്റ് തുടങ്ങി ഇന്ത്യ മെഡലുകൾ വാരിക്കൂട്ടിയ ഇനങ്ങൾ ഇത്തവണ ഇല്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്.
District News
പെരിന്തൽമണ്ണ: മഹാരാഷ്ട്രയിലെ റോഹായിൽ നടന്ന ദേശീയ മിക്സ് ബോക്സിംഗിൽ കേരളം 360 പോയിന്റുമായി ഓവറോൾ ചാന്പ്യൻമാരായി. 345 പോയിന്റുമായി മഹാരാഷ്ട്ര രണ്ടും 280 പോയിന്റുമായി കർണാടക മൂന്നും 250 പോയിന്റുമായി ഉത്തർപ്രദേശ് നാലും സ്ഥാനങ്ങളും നേടി. പതിനഞ്ചോളം സംസ്ഥാനങ്ങളിൽ നിന്നായി 500ലധികം മത്സരാർഥികൾ പങ്കെടുത്തു.
കിഡ്സ്, സബ് ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ കേരളം മികച്ച പ്രകടനം കാഴ്ചവച്ചു. മാനേജർ സുബ്രഹ്മണ്യൻ, കോച്ച് ലക്ഷ്മണൻ, ക്യാപ്റ്റൻ ഫുഹാദ് എന്നിവരുടെ നേതൃത്വത്തിലുള്ള 110 അംഗ കേരള ടീമാണ് വിജയം നേടിയത്.
അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേരളത്തിന് ദേശീയ കിരീടം ലഭിച്ചത്. മലപ്പുറം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള താരങ്ങൾക്ക് അജിത് പി. രാജു, മുഹമ്മദ് ജിബാസ്, യൂസഫ്, സുബ്രഹ്മണ്യൻ, ശശിധരൻ, ഷൈജേഷ്, നജിൽ, ഫാത്തിമ സന, അൻസിഫ്, ഹാറൂൻ, സുഹൈൽ, റോബർട്ട് എന്നിവരാണ് പരിശീലനം നൽകിയത്. മലപ്പുറത്തിന്റെ ഫുഹാദ് ബെസ്റ്റ് ഫൈറ്റർ അവാർഡ് നേടി.
ഒന്നാം സ്ഥാനക്കാരെ 2026ൽ നടക്കുന്ന വേൾഡ് ചാന്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുത്തതായി ഇന്ത്യൻ മിക്സ് ബോക്സിംഗ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. കേരള ടീമിനെ ഇന്ന് രാവിലെ 10.30 ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പാലക്കാട് ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് പി. രാജേഷ്, അയേണ് ഫിസ്റ്റ് അക്കാഡമി ചെയർമാൻ സി. രാമകൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിക്കും.